shape
shape
  • Home
  • NSS
  • യാത്ര ദുരിതത്തിന് പരിഹാരവുമായി നാഷണൽ സർവീസ് സ്കീം :- എസ്.എൻ. കോളേജ്–ആലത്തൂർ വഴി കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു

യാത്ര ദുരിതത്തിന് പരിഹാരവുമായി നാഷണൽ സർവീസ് സ്കീം

ആലത്തൂർ:
വിദ്യാർത്ഥികളും പൊതുജനങ്ങളും നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി. ഗണേഷ് കുമാർ അവർകളെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേരള സർക്കാർ ആലത്തൂർ- എസ് എൻ കോളേജ് റൂട്ടിൽ പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു . ശ്രീ നാരായണ കോളേജ് ആലത്തൂർ – എൻ.എസ്.എസ് യൂണിറ്റ് നമ്പർ 37, 117 എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഈ സർവീസ് 2026 ജനുവരി 16-ന് രാവിലെ 8.30-ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഇരട്ടക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ആലത്തൂർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ കെ.ഡി. പ്രസേനനും, ശ്രീ പി.പി. സുമോദ് എം.എൽ.എയും, എൻ.എസ്.എസ് യൂണിറ്റും പ്രോഗ്രാം ഓഫീസർമാരും ചേർന്ന് കെ.എസ്.ആർ.ടി.സി ബസിന് ഫ്ലാഗ് ഓഫ് നടത്തി. തുടർന്ന് ബസ് കോളേജ് ക്യാമ്പസിലേക്ക് പുറപ്പെടുകയും, കോളേജിൽ എത്തിയ ബസിന് ഔപചാരിക സ്വീകരണം നൽകുകയും ചെയ്തു.

കോളേജിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്രാസൗകര്യങ്ങളുടെ കുറവ് മൂലം വിദ്യാർത്ഥികളും ജീവനക്കാരും പൊതുജനങ്ങളും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് എൻ.എസ്.എസ് ഈ സേവനത്തിന് മുൻകൈയെടുത്തത്. കെ.എസ്.ആർ.ടി.സി അധികൃതരുമായും എംഎൽഎ മാരുമായും കൂടിച്ചേർന്നു നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇതോടെ ആലത്തൂർ മേഖലയിൽ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് കോളേജ് ഭരണസമിതിയും നാട്ടുകാരും പ്രതീക്ഷ പ്രകടിപ്പിച്ചു.

കോളേജ് ക്യാമ്പസിൽ നടന്ന സ്വീകരണ ചടങ്ങിൽ ആലത്തൂർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ കെ.ഡി. പ്രസേനൻ, ശ്രീ പി.പി. സുമോദ് (എം.എൽ.എ), എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ കെ.ആർ. ഗോപിനാഥ്, ആർ.ഡി.സി കൺവീനർ ശ്രീ എ.എൻ. അനുരാഗ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രവീണ വിജയൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ശ്രീധന്യ ആർ, ഡോ. ശ്രീജിത്ത് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ പങ്കെടുത്ത എല്ലാ പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികളും സംസാരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതോടൊപ്പം ഗ്രാമീണ മേഖലകളിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിലും എൻ.എസ്.എസ് നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ഉദ്ഘാടന ദിവസത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ആദ്യ ടിക്കറ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ. ശ്രീധന്യ ആർ-ക്ക് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹിക വികസനത്തിൽ നിർണായക പങ്ക് വഹിക്കണമെന്ന ആശയത്തിന്റെ മികച്ച ഉദാഹരണമാണ് ഈ സംരംഭമെന്ന് സംഘാടകർ പറഞ്ഞു.

കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചതോടെ കോളേജിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുകയും പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി ഈ സേവനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് എൻ.എസ്.എസ് ഭാരവാഹികൾ അറിയിച്ചു.


Comments are closed